Monday, June 23, 2014

സിനിമ, സ്കൂൾ, പിന്നെ ഞാനും

ഇന്ന് ഐ ഐ ടി ഫിലിം ക്ലബ്‌ സംഘടിപ്പിച തമിഴ് ഫിലിം ഫെസ്റ്റിവൽ നു പോയി. ഇന്നത്തെ സിനിമ 'തങ്ക മീന്കൾ'. സിനിമ ഇഷ്ടപ്പെട്ടു.



സിനിമ കണ്ടപ്പോ ഓർമയിൽ വന്നത് പഴയ ഒരു പരീക്ഷാക്കാലം. ഞാൻ അന്ന് രണ്ടാം ക്ലാസ്സിൽ. ഏതോ ഒരു പരീക്ഷ കഴിഞ്ഞു ഉത്തരകടലാസ്സ്‌ തിരിച്ചു കിട്ടുന്നു. (മിഡ് ടേം, ഫസ്റ്റ് ടേം, പിന്നേം മിഡ്  ടേം അങ്ങനെ നമ്മടെ സ്കൂളിൽ പരീക്ഷ ഒഴിഞ്ഞ കാലം ഇല്ല) കണക്ക് പഠിപ്പിക്കുന്ന റജീന ടീച്ചർ ആണ് പേപ്പർ തരുന്നത്. മാർക്ക്‌ എത്രയ എന്നൊന്നും ഓര്മ ഇല്ല. പക്ഷെ എന്റെ പേപ്പറിൽ തെറ്റായ ഒരു ഉത്തരം ശെരിയായി മാർക്ക്‌ ചെയ്തിരിക്കുന്നതായി അടുത്തിരിക്കുന്ന ഒരു കുട്ടി കണ്ടു പിടിച്ചു. (നമുക്ക് മാർക്ക്‌ കിട്ടിയ പോര ബാക്കില്ലോർക്ക് കിട്ടേം ചെയ്യരുതെന്ന ഐ ഐ ടി ലോജിക് തന്നെ അവിടേം) അതും കൊണ്ട് ടീചെര്ടെ അടുത്ത ചെല്ലുന്നു. ടീച്ചർ പറയുന്നു ഞാൻ ചോദ്യത്തിലെ അക്കങ്ങൾ എടുത്തു എഴുതിയത് തെറ്റി പോയതാ. ഞാൻ എഴുതിയ അക്കം വെച്ച് കണക്ക് സെരിയാണ് എന്ന്.

അന്ന് അത് അത്ര കാര്യം ആയി തോന്നിയില്ല. പിന്നീട് ഉത്തരം കാണാപാഠം പഠിക്കാൻ പറ്റാത്തതിന്റെ പേരില്, ക്ലാസ്സിലെ നോട്ടിലെ അല്ലാത്ത ഉത്തരങ്ങൾ എഴുതുന്നെന്റെ പേരില്, കണക്കു വഴങ്ങാതെന്റെ പേരില് ഒക്കെ കിട്ടിയ വഴക്ക് ഓര്ക്കുമ്പോ, പിന്നേ ക്ലാസ്സ്‌ എടുക്കുന്നെന്റെ ബുദ്ധിമുട്ടുകളെ കുറിച്ചു പഠിക്കുമ്പോ, ക്ലാസ്സിലെ മിക്ക കുട്ടികളിൽ നിന്നും വ്യത്യസ്തമായ ചിന്തകളുള്ള പഠന രീതികളുള്ള കുട്ടികളെ കുറിച് മനസ്സിലാക്കുമ്പോ  ഒക്കെ റെജീന  ടീച്ചറെയും ആ കണക്കു പരീക്ഷയെയും ഓര്ക്കും.

ഇത് പോലെ ഉള്ള അപൂർവ്വം  കുറച്ചു ടീച്ചർമാർ പല സമയത്തായി പഠിപ്പിക്കാൻ വന്നു. പിന്നെ ക്ലാസ്സിൽ പഠിപ്പിച്ച ഉതരമല്ലെങ്ങിലും ഞാൻ എഴുതിയ ഉത്തരത്തിലുള്ള ശെരി  കണ്ടെത്തുകയും എനിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന എന്റെ അമ്മയും. ഇത്രേം കൊണ്ടാണ്  പിന്നീട് വല്യ ക്ലാസ്സുകളിലേക്ക് പോയപ്പോ ഉത്തരങ്ങൾ കാണാതെ പഠിക്കാൻ പറ്റാതെ ഹുമാനിടീസ് വിഷയങ്ങല്ക്കും കാൽക്കുലസ്സാദി കണക്കുകളിൽ കുടുങ്ങി സയൻസ് വിഷയങ്ങല്ക്കും ഒക്കെ മുന്നില് ബുദ്ധിമുട്ടിയിട്ടും പലപ്പോഴും വഴക്കൊക്കെ കേള്ക്കേണ്ടി വന്നിട്ടും പഠിപ്പിനോടും സ്കൂളിനോടും ഒന്നും വെറുപ്പ് തോന്നാതിരുന്നത്. ഇപ്പോഴും പഠിക്കാൻ തോന്നുന്നത്.

നന്ദി രാം, ഈ ലോകം ഒരു ചോദ്യത്തിന് നാലും അഞ്ചും ഉത്തരം ഉള്ളവര്ക്ക് കൂടിയുള്ളതാണെന്ന് ഒരിക്കൽ കൂടി പറഞ്ഞു തന്നതിന്.